Friday, August 31, 2012

വേദന

 ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന്‍ ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു   പരക്കെ അറിയപ്പെടുന്ന ഈ  അസത്തിനു അസാരം വിഷം ഉണ്ടെന്നു അന്ന് വൈദ്യന്‍  രാമയ്യന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് . അന്നത്തെ പോലെ  ഇന്നും അതിന്റെ വേദന അസഹ്യമായിതന്നെ അനുഭവപ്പെടുന്നുമുണ്ട്.ഈ വിങ്ങലും വേദനയും സഹിക്കാന്‍ മേല, വയസ്സ് 47 ആയി കൂട്ടിനു ഷുഗറും ഉണ്ട്. ആകെ പ്രശ്നമാകുമോ?

"അപ്പച്ചന് ഡോക്ടറെ പോയി കണ്ടുകൂടെ" ?നാന്‍സിയാണ് ചോദിച്ചത്.അവള്‍ ഇപ്പോള്‍ വീട്ടിലുണ്ട്, അവളുടെ വയറ്റില്‍ ഒരു ജീവനും.പെണ്ണിന്റെ ആദ്യത്തെ പ്രസവം  പെണ്‍വീട്ടുകാരുടെ അവകാശമാണ്.നിറവായറോടുകൂടി നാന്‍സിയെ വീട്ടില്‍കൊണ്ടുവരുമ്പോള്‍ മരുമോന്‍ ജോണിക്കുട്ടി  പറഞ്ഞു.പൈസാ ഒരുപാടു ചെലവാ എന്നാലും ഇല്ലെന്നു കരുതി 'അവകാശം'നിഷേധിക്കുവാന്‍ ഒക്കുമോ?മരുമോന്‍ ജോണിക്കുട്ടി പോയതിന്റെ നാലാംനാള്‍ കാലില്‍കയറികൂടിയതാണീ വിദ്വാന്‍... ...

"ആശുപത്രിയിലൊന്നും പോകണ്ടാടീ ,അവന്മാര് കീറുകയോ മാന്തുകയോ വല്ലതും ചെയ്തു കളയും "
ആശുപത്രിയില്‍ പോകാനുള്ള മോളുടെ അഭിപ്രായത്തോട് ജോസെഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

"ഓ അപ്പനല്ലേലും വേദന സഹിക്കാന്‍ പറ്റൂലാലോ "

അതുപിന്നെ ശരിയല്ലേ.വേദന സഹിക്കാന്‍ ആരെക്കൊണ്ടാണ് സാധിക്കുക.എനിക്കണേ ഇതു ഒട്ടും  സഹിക്കാന്‍ മേലാ.ശരീരത്തീ ഒരു തടിപ്പോ,പോറലോ പോലും ഏല്‍ക്കുന്നത് പേടിയുള്ള കൂട്ടത്തിലാണ് ഞാന്‍...,ശരീരം നോന്താ ഭൂമി കറങ്ങുന്നത് പോലെ തോന്നും.അതുകൊണ്ട് തോഴിലിനാവശ്യമായ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പോലും വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യാറുള്ളൂ.ചെലവന്മാര്‍ പറയാറുണ്ട് മനസിന്റെ വേദനയാ സഹിക്കാന്‍ മേലാത്തെ,ശരീരത്തിന്റെ വേദന എത്ര നിസ്സാരം.എങ്ങനെയാണ് ഈ നായിന്റെ മക്കള്‍ക്ക്‌ ഇങ്ങനെ പറയാന്‍ സാധിക്കുന്നത്?ജോസെഫെന്ന എനിക്ക് ഇത് നേരെ തിരിച്ചാ.

വേദന സഹിക്കാന്‍ ഒട്ടും മേലാതെ വന്നപ്പോള്‍ ജോസഫ്‌ വളരെ ബുദ്ധിമുട്ടി ഞൊണ്ടി ഞൊണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നു.ഒരു രൂപ ചീട്ടു വാങ്ങി ക്യൂവില്‍ നിന്ന് ഡോക്ടറെ കണ്ടു.ഡോക്ടര്‍ പറഞ്ഞത് ഇപ്രകാരം -

"ആകെ നീരായിട്ടുണ്ടല്ലോ"ഇതു പറഞ്ഞപ്പോള്‍ ഡോക്ടര്‍  ഉപ്പൂറ്റിയില്‍ വിരലമര്‍ത്തി

"അയ്യോ".......ജീവന്‍ പോകുന്ന പോലെയാണ് ജോസഫ്‌ അലറിയത്.ഡോക്ടറിന്റെ റൂമിന് വെളിയില്‍ നില്‍ക്കുന്നവര്‍ അങ്ങോട്ട് എത്തിനോക്കി.ഡോക്ടറും ഞെട്ടിപ്പോയി."വേദന സഹിക്കാന്‍ മേല ഡോക്ടറെ അതാ".ഡോക്ടര്‍ പിന്നെ ഒന്നും മിണ്ടിയില്ല.വേഗം പ്രിസ്ക്രിപ്ഷന്‍ എഴുതി.പോകാന്‍ നേരം പറഞ്ഞു ക്ലീന്‍ ചെയ്തിട്ട് വെള്ളം നനയാതെ നോക്കണമെന്ന്.പതിയെ തൊങ്കി തൊങ്കി വരാന്തയില്‍ എത്തി.വലത്തേ കാല് കൊണ്ടാണ് എല്ലാചലനങ്ങളും .ആ കാലമാടന്‍ തോട്ടതോട് കൂടി കാല് കിടന്നു വിങ്ങുകയാണ്.എന്റെ പുണ്യാളാ ഈ വേദന താങ്ങാന്‍ ജോസെഫിനാവൂലാ...

ക്ലീനിംഗ് റൂമില്‍ നേഴ്സ് പട തയ്യാറായിട്ടുണ്ട്.തൊങ്കി തൊങ്കി അവര്‍ പറഞ്ഞ കട്ടിലില്‍ കയറിക്കിടന്നു.കിടന്നു കഴിഞ്ഞ് കാല് മോളീകേറ്റി വെച്ചപ്പോള്‍ കുറച്ചാശ്വാസം തോന്നി.എന്നാലും വിങ്ങലുണ്ട്.നേഴ്സ്മാര്‍ കാല് നോക്കി ഉപ്പൂറ്റി നോക്കി എന്തൊക്കയോ ചെയ്തു.പ്രാണന്‍ പോകുന്നത് പോലെ തോന്നി ജോസെഫിന്.പിതാവിനെയും,പുത്രനേയും, പരിശുദ്ധത്മാവിനെയും മാറി മാറി വിളിച്ചു.വേദന കൂടിയപ്പോള്‍ ക്ലീന്‍ ചെയ്യുന്ന നേഴ്സ്നെ പച്ചമലയാളത്തില്‍ അഭിസംബോധന ചെയ്തു.കര്‍ത്താവേ ഈ വേദന എനിക്ക് സഹിക്കനാവൂലാ എന്ന് പറഞ്ഞ് അലറിക്കരഞ്ഞു.

"എന്റെ അങ്കിളേ അതിനുമാത്രം ഒന്നുമില്ലല്ലോ ഇത് ...ചെറിയൊരു മുള്ളെടുക്കുന്നതല്ലേ .."അടുത്തു നിന്നിരുന്ന ഒരു നേഴ്സ് പറഞ്ഞു.അതിനു അവളോടുള്ള ജോസെഫിന്റെ മറുപടി കേട്ട് ആശുപത്രിയില്‍ വന്ന എല്ലാവരും നാണിച്ചു പോയി .അങ്ങനെ ഒരുവിധം വെള്ളത്തുണിയില്‍ മഞ്ഞമരുന്നു പൊതിഞ്ഞ കാലുമായി കഷ്ടപ്പെട്ട് വീട്ടില്‍വന്നു കയറി.ചെന്നപ്പോള്‍ നാന്‍സി കൈയ്യേലും കാലേലുംമെല്ലാം എണ്ണ പുരട്ടി ഇരിപ്പാണ്.ഗര്‍ഭകാല ശുശ്രൂഷ.

നാല് ദിവസം വീട്ടിലിരുന്നു വിശ്രമിച്ച് ഒരു ഞായറാഴ്ച അയാള്‍ പണിസ്ഥലത്തേക്കു പോയി.ഞായറാഴ്ചയാണ് ജോസെഫിന്റെ പണിസ്ഥലത്തേക്ക്‌ ആളുകള്‍ എത്തുന്നത്‌.....,അയാള്‍ പണി ചെയ്യുന്ന ഷെഡിന്റെ പിന്നാമ്പുറത്തെക്ക് ചെന്നു.അവിടെ ഒരു മൂരി ക്ടാവിന്റെ തല കൂടത്തില്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.

"ഇന്നത്തേക്ക് ഈ ചാവാലി മതിയാവില്ലല്ലോടോ വറീതേ , വേറെ ഉരുക്കളൊന്നും വന്നില്ലേ."

"ഒരു പശുവുണ്ട് ജോസെഫേട്ടാ പക്ഷെ അതിന്റെ വയറ്റില് ഒരു ക്ടാവിനെ പെടപ്പുണ്ട്".വറീത് മറുപടി പറഞ്ഞു.

"പെടപ്പ്...തെങ്ങേടെമൂട് ...കയട്ടികെട്ടടാ കൂടത്തില് "...

ആ പശുവിന്റെ കരള്‍ വെട്ടിനുറുക്കുമ്പോള്‍ ജോസഫ്‌ വറീതിനോട് പറഞ്ഞു."എടാ കഴിഞ്ഞാഴ്ച കാലേലൊരു മുള്ള് കൊണ്ടു, ആശുപത്രീ പോകേണ്ടി  വന്നു.ഹോ എന്നാ വേദനയാര്‍ന്നെന്നറിയാമോ...പുളഞ്ഞു പോയി..........

ജോസെഫിന്റെ കത്തി അപ്പോള്‍ ഉരുവിന്റെ കരള്‍ നുറുക്കിക്കഴിഞ്ഞിരുന്നു.




Tuesday, August 28, 2012

ഓണവും മലയാളിയും

ഒരു മലയാളി ഓണത്തിനെ കുറിച്ച്  എഴുതിയിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആ എഴുത്തിലെ സാമാന്യ വിഭവങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതെയുള്ളു.മലയാളികളുടെ കള്ളുകുടി, പരവെയ്പ്, പഴയ ഓണവും പുതിയ ഓണവും തമ്മിലുള്ള ഒരു വക താരതമ്യം, പട്ടണത്തിലെ ഓണവും നാട്ടിലെ ഓണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നിങ്ങനെ കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് നമ്മള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നില്ല എന്ന് വരെ വിളമ്പും.എന്നാല്‍ നമുക്ക് നമ്മളേയും ഈ ആചാരത്തയും പറ്റി എത്രയോ നല്ല കാര്യങ്ങള്‍ ചിന്തിക്കാനുണ്ട് .അതെന്താ ആരും എഴുതികാണാത്തത്?ഒരു പിടി നല്ല കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ശ്രമിച്ചു നോക്കട്ടെ ...

മലയാളികളില്ലാത്ത നാട് നമ്മുടെ ഭൂപടത്തില്‍ ഇല്ല എന്നാണല്ലോ വെപ്പ് .ഇങ്ങനെ പല പല രാജ്യങ്ങളിലും , എന്തിനു നമ്മുടെ ഇന്ത്യയിലെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഉപജീവനത്തിനായി നാടും വീടും വിട്ടു നില്‍ക്കുന്ന ഭൂരിഭാഗം കേരളീയരും കുടുംബത്തോടൊപ്പം ഒത്തു ചേരുന്നത് ഒരു പക്ഷെ തിരുവോണത്തിനായിരിക്കും.നമ്മുടെ ഈ ഒത്തുചേരലിന്റെ ഈ സ്പിരിറ്റ്‌ വേറെ ഒരു സമൂഹത്തില്‍ ഉണ്ടാകണമെന്നില്ല,ഉണ്ടായിക്കൂടെന്നുമില്ല.


സിനിമ, രാഷ്ട്രീയം,പെണ്ണ് ഇത് മൂന്നിനെയും കുറിച്ച് ഓരോ മലയാളികള്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകള്‍ നിശ്ചയമായുമുണ്ട്. എന്നാല്‍ ഇത്തവണത്തെ സര്‍ക്കാര്‍ ചെയ്ത ഒരു നല്ല കാര്യം അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് കൊടുത്തതാണ്.അവരെക്കൂടി നമ്മുടെ ആഘോഷത്തില്‍ ഉള്‍പെടുത്തിയത് ഓണത്തിന്റെ സമത്വ സുന്ദര സങ്കല്‍പ്പത്തിന് മാറ്റുകൂട്ടി.

സമ്രദ്ധിയുടെ ഉത്സവമാണല്ലോ ഓണം. ഈ ഉത്സവത്തിന്റെ പേരില്‍ നമ്മുടെയൊക്കെ നാട്ടില്‍ എന്തല്ലാം കലാപരിപാടികള്‍ സംഭവിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ കൂട്ടായ്മയും, ആ നാട്ടിലെ കലാവാസനകളെയും ഉദ്വീപിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ അഭിനന്ദനാര്‍ഹം തന്നെയെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.മഹാബലിയാണ് ആദ്യത്തെ പ്രവാസി എന്നത് സത്യമാണ്.വര്‍ഷത്തില്‍ ഒരൊറ്റ തവണ മാത്രം വന്നു, നാട്ടുകാരെയും വീട്ടുകാരെയും കണ്ട് മടങ്ങിപോകുന്ന ആദ്യത്തെ പ്രവാസി.ഇതായിരിക്കണം ഓണത്തിനെ ഒരു കാത്തിരിപ്പിന്റെ ഉത്സവമാക്കി മാറ്റുന്നത്. ഓണം സമത്വത്തിന്റെ കൂടെ ഉത്സവമാണ്. കാറല്‍ മാര്‍ക്സും, എംഗല്‍സും സമത്വം എന്നോരാശയം ചിന്തിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഓണം കുചേല, കുബേര വ്യത്യാസമില്ലാതെ ഇവിടെ ആഘോഷിക്കപെട്ടിരുന്നു.

 എനിക്ക് ഇത്തവണ ഓണമില്ല. എന്റെ ഇളയച്ചന്‍ മരിച്ചു പോയ വര്‍ഷമാണിത്.കഴിഞ്ഞ ഓണം വരെ ഞങ്ങളുടെ കൂടെ കായവറക്കാനും, ശര്‍ക്കരുപ്പേരിക്കു മൂപ്പ് നോക്കാനും ഉത്സാഹത്തോടെ നടന്നയാളാണ്.തന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ അസാന്ന്യദ്ധ്യത്തില്‍ ആ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട ആഘോഷത്തെ ഉപേക്ഷിക്കാനാണ് മലയാളി സമൂഹം നമ്മെ പഠിപ്പിച്ചിരിക്കുന്നത്.ഇവിടെ മലയാളികളെന്ന നാം ബന്ധങ്ങള്‍ക്കും, സ്വന്തങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം അവനവന്റെ  ആഘോഷങ്ങളേക്കാള്‍ വലുതാണ്  .


 ജാതിയുടെ പേരില്‍  , മതത്തിന്റെ പേരില്‍ , ഭാഷയുടെ പേരില്‍  , പ്രദേശികതയുടെ പേരില്‍ നമ്മുടെ ഈ ലോകത്തില്‍ എന്തല്ലാം വ്യത്യസ്തതയാര്‍ന്ന ആഘോഷങ്ങളുണ്ട്‌.......?എന്നാല്‍ ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടെയും,ഇസ്ലാമിന്റെയും കുപ്പായങ്ങള്‍ അഴിച്ചുവെച്ച് ഒരുമിച്ചു ഓണക്കോടിയുടുത്തു നമ്മള്‍ മലയാളികള്‍ എത്രയോ കാലമായി ഓണം കൊണ്ടാടുന്നു.ജാതിക്കും,മതത്തിനും,ഭാഷയ്ക്കും അപ്പുറം നാം ഒന്നാണെന്നും ഒരുമിച്ചാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞ മലയാളികളുടെ സന്തതിപരമ്പരയാണ് എന്നിലൂടെ തുടരുന്നത് എന്നത് എന്റെ അഹങ്കാരംതന്നെയാണ്.


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....


                                                                                                             ഹരിനാരായണന്‍