Tuesday, August 28, 2012

ഓണവും മലയാളിയും

ഒരു മലയാളി ഓണത്തിനെ കുറിച്ച്  എഴുതിയിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആ എഴുത്തിലെ സാമാന്യ വിഭവങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതെയുള്ളു.മലയാളികളുടെ കള്ളുകുടി, പരവെയ്പ്, പഴയ ഓണവും പുതിയ ഓണവും തമ്മിലുള്ള ഒരു വക താരതമ്യം, പട്ടണത്തിലെ ഓണവും നാട്ടിലെ ഓണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നിങ്ങനെ കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് നമ്മള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നില്ല എന്ന് വരെ വിളമ്പും.എന്നാല്‍ നമുക്ക് നമ്മളേയും ഈ ആചാരത്തയും പറ്റി എത്രയോ നല്ല കാര്യങ്ങള്‍ ചിന്തിക്കാനുണ്ട് .അതെന്താ ആരും എഴുതികാണാത്തത്?ഒരു പിടി നല്ല കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ശ്രമിച്ചു നോക്കട്ടെ ...

മലയാളികളില്ലാത്ത നാട് നമ്മുടെ ഭൂപടത്തില്‍ ഇല്ല എന്നാണല്ലോ വെപ്പ് .ഇങ്ങനെ പല പല രാജ്യങ്ങളിലും , എന്തിനു നമ്മുടെ ഇന്ത്യയിലെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഉപജീവനത്തിനായി നാടും വീടും വിട്ടു നില്‍ക്കുന്ന ഭൂരിഭാഗം കേരളീയരും കുടുംബത്തോടൊപ്പം ഒത്തു ചേരുന്നത് ഒരു പക്ഷെ തിരുവോണത്തിനായിരിക്കും.നമ്മുടെ ഈ ഒത്തുചേരലിന്റെ ഈ സ്പിരിറ്റ്‌ വേറെ ഒരു സമൂഹത്തില്‍ ഉണ്ടാകണമെന്നില്ല,ഉണ്ടായിക്കൂടെന്നുമില്ല.


സിനിമ, രാഷ്ട്രീയം,പെണ്ണ് ഇത് മൂന്നിനെയും കുറിച്ച് ഓരോ മലയാളികള്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകള്‍ നിശ്ചയമായുമുണ്ട്. എന്നാല്‍ ഇത്തവണത്തെ സര്‍ക്കാര്‍ ചെയ്ത ഒരു നല്ല കാര്യം അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് കൊടുത്തതാണ്.അവരെക്കൂടി നമ്മുടെ ആഘോഷത്തില്‍ ഉള്‍പെടുത്തിയത് ഓണത്തിന്റെ സമത്വ സുന്ദര സങ്കല്‍പ്പത്തിന് മാറ്റുകൂട്ടി.

സമ്രദ്ധിയുടെ ഉത്സവമാണല്ലോ ഓണം. ഈ ഉത്സവത്തിന്റെ പേരില്‍ നമ്മുടെയൊക്കെ നാട്ടില്‍ എന്തല്ലാം കലാപരിപാടികള്‍ സംഭവിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ കൂട്ടായ്മയും, ആ നാട്ടിലെ കലാവാസനകളെയും ഉദ്വീപിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ അഭിനന്ദനാര്‍ഹം തന്നെയെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.മഹാബലിയാണ് ആദ്യത്തെ പ്രവാസി എന്നത് സത്യമാണ്.വര്‍ഷത്തില്‍ ഒരൊറ്റ തവണ മാത്രം വന്നു, നാട്ടുകാരെയും വീട്ടുകാരെയും കണ്ട് മടങ്ങിപോകുന്ന ആദ്യത്തെ പ്രവാസി.ഇതായിരിക്കണം ഓണത്തിനെ ഒരു കാത്തിരിപ്പിന്റെ ഉത്സവമാക്കി മാറ്റുന്നത്. ഓണം സമത്വത്തിന്റെ കൂടെ ഉത്സവമാണ്. കാറല്‍ മാര്‍ക്സും, എംഗല്‍സും സമത്വം എന്നോരാശയം ചിന്തിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഓണം കുചേല, കുബേര വ്യത്യാസമില്ലാതെ ഇവിടെ ആഘോഷിക്കപെട്ടിരുന്നു.

 എനിക്ക് ഇത്തവണ ഓണമില്ല. എന്റെ ഇളയച്ചന്‍ മരിച്ചു പോയ വര്‍ഷമാണിത്.കഴിഞ്ഞ ഓണം വരെ ഞങ്ങളുടെ കൂടെ കായവറക്കാനും, ശര്‍ക്കരുപ്പേരിക്കു മൂപ്പ് നോക്കാനും ഉത്സാഹത്തോടെ നടന്നയാളാണ്.തന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ അസാന്ന്യദ്ധ്യത്തില്‍ ആ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട ആഘോഷത്തെ ഉപേക്ഷിക്കാനാണ് മലയാളി സമൂഹം നമ്മെ പഠിപ്പിച്ചിരിക്കുന്നത്.ഇവിടെ മലയാളികളെന്ന നാം ബന്ധങ്ങള്‍ക്കും, സ്വന്തങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം അവനവന്റെ  ആഘോഷങ്ങളേക്കാള്‍ വലുതാണ്  .


 ജാതിയുടെ പേരില്‍  , മതത്തിന്റെ പേരില്‍ , ഭാഷയുടെ പേരില്‍  , പ്രദേശികതയുടെ പേരില്‍ നമ്മുടെ ഈ ലോകത്തില്‍ എന്തല്ലാം വ്യത്യസ്തതയാര്‍ന്ന ആഘോഷങ്ങളുണ്ട്‌.......?എന്നാല്‍ ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടെയും,ഇസ്ലാമിന്റെയും കുപ്പായങ്ങള്‍ അഴിച്ചുവെച്ച് ഒരുമിച്ചു ഓണക്കോടിയുടുത്തു നമ്മള്‍ മലയാളികള്‍ എത്രയോ കാലമായി ഓണം കൊണ്ടാടുന്നു.ജാതിക്കും,മതത്തിനും,ഭാഷയ്ക്കും അപ്പുറം നാം ഒന്നാണെന്നും ഒരുമിച്ചാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞ മലയാളികളുടെ സന്തതിപരമ്പരയാണ് എന്നിലൂടെ തുടരുന്നത് എന്നത് എന്റെ അഹങ്കാരംതന്നെയാണ്.


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....


                                                                                                             ഹരിനാരായണന്‍

 


No comments:

Post a Comment