Monday, July 16, 2012






   ചക്രം


"ഈ തന്തക്കിഴവന്‍ ചവുന്നില്ലല്ലോ ?"ഗോവിന്ദന്‍കുട്ടി വളരെ  ദേഷ്യത്തോ ടെയാണിത്‌ പറഞ്ഞത് .ഈ വാചകം കേട്ടത് രണ്ടേ രണ്ടു പേര്‍ മാത്രം.രണ്ടും ഗോവിന്ദന്‍കുട്ടിയുടെ ചേട്ടന്മാരാണ്.അല്ലാതെ പുറത്തു ഒരാള്‍ കേള്‍ക്കാന്‍ പാകത്തിന് ഗോവിന്ദന്‍കുട്ടി  ഇത് പറയില്ല,കാരണം അയാള്‍ ഒരു മാന്യനാണ്.ഗോവിന്ദന്‍റെ ആ പറച്ചിലില്‍ എല്ലാവിധ അസഹിഷ്ണുതയും ഉണ്ടായിരുന്നു. പിന്നെ അതില്ലാതെ വരുമോ?മാസം ഒന്നായി കുവൈത്തില്‍ നിന്നും പോന്നിട്ട് ..അച്ഛന് വയ്യ,തീരെ കിടപ്പാണ് ,ഇപ്പൊ ചത്ത്‌ മേപ്പോട്ടു പോകും എന്നീ രസമുള്ള വര്‍ത്തമാനം കേട്ടിട്ട് വന്നതാണ്‌,എന്നിട്ടിപ്പോ ഒന്നര മാസമായി ഇയാള്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്.എന്നാല്‍ മക്കളൊക്കെ വളരെ തിരക്കുള്ളവരാണ്,ഒന്ന് വേഗം ചത്ത്‌ കൊടുക്കണം എന്ന ചിന്ത ഈ നിവര്‍ന്നു കിടക്കുന്ന സാധനത്തിനു വേണ്ടേ?അതും ഇല്ല.

ചേട്ടന്മാര്‍ക്കും ഇതേ അഭിപ്രായം ആണ് .എല്ലാവര്‍ക്കും തിരക്കുണ്ട്‌.ഗോവിന്ദനെ കുവൈത്തിലുള്ള ബോസ്സ് സ്ഥിരം വിളിയാണ് .ലീവ് കഴിഞ്ഞിട്ടും എന്തിനാണ് ഇയാള്‍ ഇവിടെ തൂങ്ങിക്കിടക്കുന്നത് എന്നല്ലേ ?എന്നാ കേട്ടോ ...ഈ മരണശയ്യയില്‍ കിടക്കുന്നയാള്‍ ചില്ലറക്കാരനല്ല,കോടീശ്വരനാണ്.പരമ്പരാഗതമായി നല്ല ഭൂസ്വത്തുള്ള ഒരു തറവാട്ടിലെ അംഗമാണ്  അയാള്‍ .സ്വത്ത്‌ ഉണ്ടെന്നു പറഞ്ഞ് വെറുതെ ഇരുന്നു മുറുക്കുകയയിരുന്നില്ല , പറമ്പിലും പാടത്തും പണി ചെയ്തും പണി യെടുപ്പിച്ചും  നിലവറയില്‍ പോന്നു നിറച്ചു . കരയിലെ പ്രമാണിയായി.പ്രമാണിയെ നാട്ടുകാര്‍ പപ്പന്‍ പിള്ള എന്ന് വിളിച്ചു.അയാളോട് എല്ലാവര്‍ക്കും  തികഞ്ഞ ബഹുമാനമായിരുന്നു. ബഹുമാനം കൊടുക്കേണ്ട ആള്‍ തന്നെയായിരുന്നു അദ്ദേഹം.പപ്പന്‍പിള്ളയുടെ അച്ഛന്‍ വയ്യാതെ കിടക്കുന്ന സമയം.അന്ന് ഗോവിന്ദന്‍കുട്ടി ജനിച്ചിട്ടില്ല,മൂത്തവന്‍ അമ്മയുടെ മുല കുടിക്കുന്നു.അച്ഛന്‍റെ എല്ലാ ആഗ്രഹവും പപ്പന്‍ സാധിച്ചു കൊടുത്തു ,അവസാനം വയ്യാത്ത കാലത്ത് കാശി കാണണമെന്ന് പറഞ്ഞപ്പോള്‍ ഒട്ടും മടി കൂടാതെ കാശിയ്ക്ക് കൊണ്ടുപോയി,പക്ഷെ ആ വൃദ്ധന്‍ കാശിയില്‍ വെച്ചുതന്നെ വിഷ്ണുപാതത്തി ങ്കല്‍ അഭയം പ്രാപിച്ചു.ഇങ്ങനെ അച്ഛനെ ശുശ്രൂഷിച്ച ഒരോറ്റയാളെ ഉളൂ ,അത് രാമായണത്തിലെ ശ്രവണകുമാരനാണ്.ആ ശ്രവണ കുമാരന്‍റെ മഹാത്മ്യം ഉള്ള ആള്‍ തന്നെയാണ് പപ്പന്‍പിള്ളയും."അയാള്‍ ഒരു നന്മയുള്ളവനയിട്ടാ ജീവിച്ചത്.വയസ്സായ അച്ഛനെ ശരിക്കും നോക്കി,പൂര്‍വികന്മാരുടെ സ്വത്ത് ഇരട്ടിപിച്ചതല്ലാതെ മുടിപ്പിച്ചിട്ടില്ല.പാവത്തിനെ ഇങ്ങനെയിട്ടു കഷ്ടപെടുതാതെ അങ്ങ് വിളിച്ച മതിയാര്‍ന്നു.പിള്ളയുടെ കിടപ്പ് കണ്ട് നാട്ടുകാര്‍ പറഞ്ഞു പോകുന്നതാണിത്.

ഗോവിന്ദന്‍ അച്ഛന് ഉച്ചയ്ക്ക് കൊടുക്കാനുള്ള മരുന്ന് വായില്‍ വെച്ച് കൊടുത്തു.പിള്ള ഗോവിന്ദനെത്തന്നെ നോക്കികൊണ്ട് കടക്കുകയായിരുന്നു. "നിനക്ക് വളരെ ബുദ്ധിമുട്ടായി അല്ലെ?"വളരെ കഷ്ടപെട്ടാണ് അയാള്‍ ഇത് പറഞ്ഞോപ്പിച്ചത് . "ഇല്ലച്ചാ ഇതെന്റെ കടമയല്ലേ"വളരെ പാടുപെട്ട് അഭിനയിച്ചാണ്‌ ഗോവിന്ദന്‍  ഇത് പറഞ്ഞു തീര്‍ത്തത്.കാരണം ഗോവിന്ദനറിയം ഒരു ഒപ്പ് വില്‍പത്രത്തില്‍ മാറ്റിയിടാന്‍ ഉള്ള ശക്തിയൊക്കെ കിളവന്‍റെ  കൈകള്‍ക്കുണ്ടെന്ന്.വക്കീല്‍ പറഞ്ഞതനുസരിച്ച് മരണശേഷം മാത്രമേ സ്വത്തുക്കള്‍ കിട്ടുകയുള്ളൂ.പക്ഷെ അതിനു ചത്ത്‌ കൊടുക്കാന്‍  ഈ കിഴവന് വല്ല വിചാരവും വേണ്ടേ ...

"ഇനി എനിക്ക് കാത്തിരിക്കാന്‍ വയ്യ "ഗോവിന്ദന്‍ ചേട്ടന്മാരോടായി  പറഞ്ഞു.
"എന്ന് പറഞ്ഞ ഇതൊന്നു തീര്‍ന്നു കിട്ടണ്ടേ?"മൂത്ത ചേട്ടന്‍ പറഞ്ഞു.
"തീര്‍ന്നില്ലേ തീര്‍ക്കണം"പറഞ്ഞത് ഗോവിന്ദനാണ് .
"നീ എന്ത് പ്രാന്താട പുലമ്പുന്നത്, കിടക്കുന്നത് വല്ല പട്ടിയോ ,പൂച്ചയോ മറ്റുമാണോ തീര്‍ക്കാന്‍ ?കുഞ്ഞേട്ടന്‍ വളരെ ദേഷ്യതോടെയോന്നുമല്ല പറഞ്ഞത്.ഒരു വഴിപാടെന്നപോലെ   പറഞ്ഞു തീര്‍ത്തു.ഒരു മകനെന്ന നിലയ്ക്ക് അത്രയുമെങ്കിലും പറയണ്ടേ?ചെട്ടാനുജന്മാര്‍ അന്ന് പിരിഞ്ഞത് അച്ഛന് പുണ്യം ലഭിക്കുന്ന ഒരു മരണം നിശ്ചയിചിട്ടയിരുന്നു. 


 പിറ്റേന്ന് രാവിലെതന്നെ പപ്പന്‍ പിള്ളയെയും  കൊണ്ട് ഒരു വലിയ വാന്‍ കാശിക്കു പോയി.ചോദിച്ചവരോടൊക്കെ സമാധാനം പറഞ്ഞത് ഇപ്രകാരം---"അച്ഛന് കാശിയില്‍ പോകാന്‍ ഒരു മോഹം പറഞ്ഞു.അത് തള്ളിക്കളയാന്‍ നല്ല മക്കള്‍കാകുമോ?സമാധാനം കേട്ട നാട്ടുകാരൊക്കെ പറഞ്ഞു--
"ഉണ്ടാക്കണേ ഇതു പോലത്തെ മക്കളെ ഉണ്ടാക്കണം..എന്തൊരു നല്ല മക്കള്‍..."

 ഒരു സന്ധ്യാ സമയത്ത് വണ്ടി കാശിയിലെത്തി .പിള്ള മക്കളെയെല്ലാം നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.ഗോവിന്ദന്‍ സ്ട്രക്ച്ചറില്‍ ഇരുത്തി പിള്ളയെ ഗംഗയുടെ തീരത്തേക്ക് കൊണ്ടുപോയി,ബാക്കി രണ്ടുപേരും പിന്നാലെതന്നെ ഉണ്ടായിരുന്നു. .ആ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്താന്‍ കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും കാര്യം വെടിപ്പാകും, അച്ഛനെ ഒഴുക്കിവിട്ടാല്‍ ആരും അറിയില്ല. കളഞ്ഞിട്ടുവരാന്‍ പറ്റിയ സ്ഥലം.വേണമെങ്കില്‍ ഗംഗയില്‍ മോക്ഷം കൈവരിച്ച അച്ഛന് വേണ്ടി കര്‍ക്കിടവാവിനു ബലിതര്‍പ്പണം നടത്താം,അതും സമയമുണ്ടെങ്കില്‍ മാത്രം.

സ്ട്രക്ചര്‍ പതിയെ ഗംഗതീരതെക്ക് അടുത്തുകൊണ്ടിരുന്നു.സ്ട്രക്ചര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പിള്ള ദയനീയമായി മക്കളെയൊന്നു നോക്കി.മൂന്നിന്‍റെയും മുഖത്ത് കുറ്റബോധം തോട്ടുതീണ്ടിയിട്ടുണ്ടയിരുന്നില്ല.സ്ട്രക്ചര്‍ ഒന്ന് കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ പിള്ള പറഞ്ഞു .....

 "ഇതിനും കുറച്ചുകൂടി തെക്ക് മാറി ,പായെഘട്ടിനു അടുത്ത് ഗംഗയ്ക്ക് കുറച്ചു കൂടി ഒഴുക്ക് കൂടും ,,ഒന്ന് കൂടി നിര്‍ത്തിയിട്ടു അയാള്‍ പറഞ്ഞു ......


"എന്‍റെ അച്ഛനെ ഞാന്‍ ഒഴുക്കിയത് അവിടെയാണ് "..........

             















ഹരിനാരായണന്‍ 












No comments:

Post a Comment